Wednesday, April 13, 2011

നമ്മുടെ നാട് എന്തിനു ബംഗാള്‍ ആകണം
സമൃദ്ധമായ സമാധാന അന്തരീക്ഷം കേരളത്തിലെ ഓരോ പൌരനും തിരിച്ചു ലഭിക്കേണ്ടതുണ്ട് ...........
ഒരു അബദ്ധം കൊണ്ട് അഞ്ചു വര്ഷം നരകിക്കേണ്ടി വന്നു..........
.സീപിയേം ജനങ്ങളുടെ മേല്‍ കുതിര കയറുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.എതിര് പറഞ്ഞവരെ മുഷ്ടി ചുരുട്ടി നേരിടുന്ന ആദര്‍ശം നമുക്ക് ചേര്‍ന്നതല്ല. ഭരണം ഒന്ന് കിട്ടട്ടെ എന്ന് കരുതിയാണ് സിപിഎം പരസ്പരം വിഴുപ്പലക്കല്‍ പോലും നിര്‍ത്തിയത് .LDF നു ഇനി ഒരു അഞ്ചു വര്‍ഷംകൂടി ലഭിച്ചാല്‍ നമ്മുടെ കണ്മുന്‍പിലുള്ള പലരുടെയും ജീവന്‍ ലോക്കപ്പിലോ ഗുണ്ടാ അക്രമങ്ങളിലോ പോലീസ് വെടിവേപ്പുകളിലോ ലാത്തിചാര്‍ജ്ജിലോ ഹജ്ജു യാത്രക്കിടയിലോ ശബരിമല യാത്രക്കിടയിലോ നഷ്ടപ്പെട്ടേക്കാം.രണ്ടു രൂപയ്ക്കു അരി തരാമെന്ന് പറഞ്ഞത് നമ്മുടെ ക്ഷമ പരീക്ഷിക്കാനാണ്.സ്കൂള്‍ കുട്ടികളുടെ കഞ്ഞിക്കുള്ള അരിപോലും മറിച്ചു വില്‍ക്കുന്ന സീപിയെമ്മുകരുടെ ആര്‍ത്തി ഈ അടുത്ത കാലത്തൊന്നും തീരുന്ന ലക്ഷണമില്ല.ഇനി ഒരു അഞ്ചു വര്ഷം കൂടി ലഭിച്ചാല്‍ പെണ്‍വാണിഭക്കാരെ പിടിക്കാം എന്ന് പറയുന്ന മുഖ്യന്‍,കിട്ടിയ അഞ്ചു വര്‍ഷം എന്ത് ചെയ്യുകയായിരുന്നു.34 വര്‍ഷം ഭരിക്കാന്‍ അവസരം ലഭിച്ച ബംഗാളില്‍ ഇപ്പോഴും പട്ടിണി മരണങ്ങള്‍ സംഭവിക്കുന്നു.മനുഷ്യന്‍ മനുഷ്യനെ വലിക്കുന്ന റിക്ഷാ വണ്ടികള്‍......
34 വര്‍ഷവും സിപിഎം അവരെ കമ്യുണിസം പഠിപ്പിക്കുകയായിരുന്നു

ഫെഡറല്‍ സെന്‍സസ് ഓര്‍ഗനൈസേഷന്‍ ഗ്രാമീണരുടെ സാമ്പത്തികാവസ്ഥയെക്കുറിച്ച് നടത്തിയ സര്‍വേയുടെ കണക്കുകള്‍ പ്രകാരം ബംഗാളില്‍ അമ്പതുശതമാനം ഗ്രാമീണരും മണ്ണുകൊണ്ടുള്ള ഒറ്റമുറി കുടിലുകളിലാണ് താമസിക്കുന്നത്.ഗ്രാമങ്ങളില്‍ വൈദ്യുതിയുള്ള വീടുകളുടെ എണ്ണം പാതിയില്‍ താഴെയേ വരൂ. വൈദ്യുതിയുള്ള വീടുകളില്‍ത്തന്നെ കക്കൂസില്ല. മേദിനിപുര്‍, ദിനാജ്പുര്‍ ജില്ലകളില്‍ 17.4 ശതമാനം വീടുകളിലുള്ളവര്‍ വര്‍ഷത്തില്‍ മൂന്നുമാസമെങ്കിലും ഒരുനേരം ഭക്ഷണം കൊണ്ട് അന്തിയുറങ്ങുന്നുണ്ട്. പത്തു മാസവും ഇങ്ങനെ കഴിയുന്നവര്‍ 2.4 ശതമാനം വരുമെന്ന് നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ സര്‍വേ കണക്കുകള്‍ വെളിപ്പെടുത്തുന്നു.ഇങ്ങനെയൊക്കെ കേരളത്തെയും ആക്കിയെടുക്കാം എന്നാണ് കേരളത്തിലെ സീപിയെമ്മുകാര്‍ വീണ്ടും വോട്ട് ചോദിക്കുന്നതിന്റെ പൊരുള്‍.തെളിഞ്ഞ അന്തരീക്ഷം UDF നു അനുകൂലമാകാന്‍ സാധ്യതയുള്ളത് കൊണ്ടാണ് പുകമറ സൃഷ്ടിക്കാന്‍ നുണകള്‍ പ്രചരിക്കുന്നത് .കേരളം അതിവേഗം ബഹുദൂരം മുന്നോട്ട് പോയ 2006 നു മുന്‍പുള്ള ആ സുന്ദര കാലഘട്ടം നമുക്ക് നേടിയെടുക്കണം.ഇനി മറ്റൊരു ചിന്ത ആവശ്യമില്ല.ഈ തലമുറയുടെ സുരക്ഷയില്‍ ശങ്കിച്ച് നില്‍കുന്ന താങ്കള്‍ ചോരകണ്ട് അറപ്പ് തീര്‍ന്ന സിപിഎം ഭരണത്തെ ഇനി നമ്മുടെ നാട്ടിലേക്ക് ആനയിക്കെണ്ടതില്ല. താങ്കളുടെ വോട്ട് UDF നു തന്നെയാകട്ടെ......

ജയ് മുസ്ലിം ലീഗ്....ജയ് യു ഡി എഫ്.........

Friday, March 18, 2011

ഒരു IATA പഠന കാല ഓര്‍മ്മക്കുറിപ്പ്

എണ്ണാന്‍ മറന്നുപോയ ആ സുന്ദര നിമിഷങ്ങള്‍
(ഒരു IATA പഠന കാല ഓര്‍മ്മക്കുറിപ്പ് )
ലൂരില്‍ ബസ്സിറങ്ങിയാല്‍ തന്നെ കാണാം വടക്ക് വശത്തായി മുകള്‍ ഭാഗം കറുത്ത ഗ്ലാസു കൊണ്ട് പൊതിഞ്ഞ ആ മൂന്നു നില കെട്ടിടം.രണ്ടു തെങ്ങുകളുടെ മറയുണ്ടെങ്കിലും ബുദ്ധിമുട്ടില്ലാതെ വായിച്ചെടുക്കാം Speedwings Aviation Academy എന്ന ബോര്‍ഡ് ..അതായിരുന്നു ഞങ്ങളുടെ ഇന്‍ സ്റ്റിറ്റട്ട് .2009 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലഘട്ടത്തില്‍ പകലുമുഴുവന്‍ ചിലവഴിച്ചത് ആ ചുമരുകള്‍ക്കുള്ളിലായിരുന്നു.അയാട്ടയില്‍ UFTAA എന്നാ വിഭാഗം തെരഞ്ഞെടുത്ത് പഠനം തുടങ്ങിയ ഞങ്ങള്‍ക്ക് പല വിഷയങ്ങളിലും പരിശീലനം ലഭിച്ചു. ജോഗ്രഫി , എയര്‍ ഫെയര്‍ ,എയര്‍പോര്‍ട്ട് ഹാന്‍ഡ്‌ലിംഗ്,സ്പോകണ്‍ ഇംഗ്ലീഷ് ,പേഴ്സണാലിറ്റി ഡെവലപ്മെന്റ് ( എല്ലാവര്‍ക്കും നല്ല പേഴ്സണാലിറ്റി ഉണ്ടായിരുന്നത് കൊണ്ട് സര്‍ടിഫികറ്റ് കിട്ടിയില്ല),കമ്പ്യൂട്ടര്‍ റിസര്‍വേഷന്‍ സിസ്റ്റെം,കാര്‍ഗോ റേറ്റിംഗ് അങ്ങനെ പലതിലും,പക്ഷേ അതെല്ലാം തന്നെ ആവശ്യമുള്ളതായിരുന്നു എന്നാ അഭിപ്രായം ആര്‍കുമില്ലായിരുന്നു.മാനവികതയെ പരിപോഷിപ്പിക്കാന്‍ ഉതകുന്ന പാഠൃ പദ്ദതികള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയില്ല എന്നാ തോന്നലുമില്ലയിരുന്നു .കാരണം ,സ്നേഹം കൊണ്ട് ഒരാള്‍ക്ക് വിശപ്പടക്കാനോ മറ്റുള്ളവന്റെ വിശപ്പിനെ ശമിപ്പിക്കാനോ ഈ ആധുനിക ലോക ജീവിത ശൈലിയില്‍ സാധ്യമല്ലെന്ന് കരുതിയാകണം പണം തിരിച്ചു തരാത്തതിനെയൊക്കെ സമൂഹം തിരസ്കരിച്ചത്. പണം നേടിത്തരുന്ന വിദ്യാഭ്യാസത്തിനു മാത്രം പ്രസക്തിയുണ്ടായിരുന്ന ആ കാലഘട്ടത്തില്‍ സ്പീഡ് വിംഗ്സ് അവരുടെ കര്‍ത്തവ്യം ഭംഗിയായി നിര്‍വ്വഹിച്ചു.



Speedwings ലെ അയാട്ട വിദ്യാര്‍ത്ഥികളുടെ ഭവനമായിരുന്നു കൊച്ചിയിലെ ബാബുവേട്ടന്റെ വീട് .കലൂരിലെ പോറ്റക്കുഴി ജങ്ഷന്‍ അടുത്തായി രണ്ടു വശങ്ങളിലായി നിലയുരപ്പിച്ചരിക്കുന്ന വൃത്തിയും വെടിപ്പുമുള്ള രണ്ടു കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു ഞങ്ങളുടെ ഹോസ്റ്റല്‍ .പഠന കാലഘട്ടങ്ങളിലെ കേന്ദ്ര കഥാപാത്രങ്ങളായ കീലേരി അച്ചു എന്നാ ബിജുക്കുട്ടനും മട്ടാഞ്ചേരി ഭായ് എന്നാ നാസറും ഭുഗ സേട്ട് എന്ന ഷബീറും ,ജമ്പോ സേട്ട് എന്നാ റാഫിയും നസുറുധീന്‍ മുല്ല എന്നാ താടിക്കാരന്‍ സജീറും,ഷമീര്‍ സാഹിബും വിഹരിച്ചിരുന്ന സംഭവ ബഹുലമായ ആ കാലഘട്ടം .ഈ പേരുകള്‍ എല്ലാം തന്നെ ഇട്ട ഷമീറിനു,ലീക്ക് ബീരാന് എന്ന ഗംബീരമായ ഒരു പേര് തന്നെ ഞങ്ങള്‍ തരപ്പെടുത്തിക്കൊടുത്തു. ഇത് പുറത്തു വന്നാല്‍ കീലേരി അച്ചുവിന്റെ അടുത്തുനിന്നും എനിക്ക് ജീവഹാനി വരെ നേരിട്ടേക്കാം എന്നുള്ളതുകൊണ്ട് ഈയുള്ളവന്റെ പേര് ഇവിടെ പ്രതിപാതിക്കുന്നില്ല. മഹനീയമായ ആ കൈകള്‍കൊണ്ട് പണ്ട് എനിക്കോരെണ്ണം കിട്ടിയിട്ടുണ്ട് .കേന്ദ്രത്തില്‍ വരെ പിടിവള്ളികള്‍ ഉള്ള ആ മനുഷ്യന്‍ കൊല്ലാതെ വിട്ടതുതന്നെ ഭാഗ്യം .കാരണം ഹമ്മറും BMW ഉം ഇല്ല എന്ന കാരണം പറഞ്ഞാണ് എനിക്കാ പ്രഹരം തന്നത് .അതൊക്കെ പോട്ടെ .നമുക്ക് കേന്ദ്ര കഥാപാത്രമായ ബീരാനിക്കയിലേക്ക് തിരിച്ചു വരാം .ബീരാന്‍ ഇചിച്ചതും ബാബുവേട്ടന്‍ കല്‍പിച്ചതും പട്ടിക്കുട്‌ എന്ന മലപ്പുറം പഴഞ്ചൊല്ലിനെ അന്വര്തമാക്കിക്കൊണ്ട് പട്ടിക്കംബക്കാരനായ ബീരാന് കിട്ടിയ റൂമും പട്ടിക്കുടിനടുത്ത്.ആ പട്ടിക്കൂടില്‍ നിന്നുള്ള മധുരശബ്ദം കേട്ടാണ് മിക്ക ദിവസവും ഉണരുന്നത് ..കൂടാതെ അര്‍ദ്ധ നഗ്നനായ ബീരനെയും ചിലദിവസങ്ങളില്‍ കണി കാണേണ്ടിവരും .പട്ടികളെ അവഹേളിച് എന്തെങ്കിലും പറയുന്നത് ബീരാന് ഇഷ്ടമില്ലതത്കൊണ്ട്നമ്മുടെ രാജ്യത്ത് പണപ്പെരുപ്പത്തെ ത്വരിതപ്പെടുട്ടുന്നത് പട്ടികളാണെന്ന് പറഞ്ഞു ബീരാനേ സുഖിപ്പിക്കട്ടെ.

ടോയിലെറ്റ്അടങ്ങിയ മൂന്ന് ബാത്ത് റൂമും ഒരു കുളിമുറിയും അടങ്ങിയതാണ് പ്രാഥമിക അവശ്യ മേഘല.കുളി ഒഴിച്ചുല്ലതെല്ലാം ഏതെങ്കിലും ബാത്ത് റൂമുകളില്‍ നിര്‍വ്വഹിക്കും ,എന്നാല്‍ കുളിക്കാന്‍ കുളിമുറിയില്‍ തന്നെ പോകും .കാരണം ,ബീരാന്റെ ബുദ്ദി കൊണ്ട് തകരാറ് തീര്‍ത്ത ഒരു ഷവര്‍ അതിലുണ്ട് .ഷവര്‍ മറ്റൊന്നിലും ഇല്ലാത്തതു കൊണ്ട് കുളിമാത്രം ഇതില്‍ നിര്‍വ്വഹിക്കും .ആ കുളിമുറി ഇപ്പോള്‍ അകത്തു നിന്നും പൂട്ടാന്‍ പറ്റില്ല .ഒരു ജനാധിപത്യ ധ്വംസനം നടന്നതാണ് .ആദ്യം തോന്നുന്നവര്‍ ആദ്യം കുളിക്കുക എന്നാ ജനാധിപത്യ ഇന്ത്യയിലെ പതിവ് പരിഗണന രീതി പാലിക്കാതെ അകത്തുകയറിയ ബീരാനെ ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ പൊട്ടിപ്പോയതാണ് .വീടിന്റെ മൂന്നാം നിലയിലാണ് ഫൂടടിംഗ്.അത് കൊണ്ട് കുളികഴിഞ്ഞാല്‍ ഞങ്ങള്‍ ആകാശത്തേക്ക് പടികയറും.സ്ഥിരം വിശപ്പിന്റെ അസുഖമുള്ള ബുഗസേട്ടും (ഷബീര്‍) ജമ്പോസേട്ടും (റാഫി) എത്തുന്നതിനുമുമ്പേ വരാന്‍ ശ്രമിക്കുമെങ്കിലും പറ്റാറില്ല .അവരുടെ തീറ്റ കണ്ടാല്‍ സോഷ്യലിസം ഒരിക്കലും നടപ്പിലാവില്ല എന്ന് ശങ്കിച്ച് പോകും .അതിനാല്‍ ചില ദിവസങ്ങളില്‍ പാവപ്പെട്ടവന്റെ പ്രാതലായ ഉപ്പുമാവ് തന്നെ കഴിക്കേണ്ടി വരും. അങ്ങനെ കഴിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരിക്കും കുളിച് ഈറനണിഞ്ഞു കൊണ്ട് കീലേരി അച്ചുവിന്റെ ആഗമനം .കത്തര്‍ രാജ്യത്തിലെ ഭരണത്തിന്‍ കീഴില്‍ കുറച്ചുകാലം ജീവിച്ച കീലെരിഅച്ചുവിനു അവിടത്തെ ചൂടുപിടിച്ച ദേശീയ രാഷ്ട്രീയം കൊണ്ടാണോ എന്നറിയില്ല ചൂട് വെള്ളത്തിലുള്ള കുളിയാണ് ഇപ്പോഴും ശീലം .ചൂടുവെള്ളം ആവശ്യമുള്ളതിനാല്‍ ഹോസ്റ്റെലിന്റെ ചെയര്‍മാന്റെ സ്പെഷ്യല്‍ പെര്‍മിഷന്‍ വാങ്ങി കിച്ചന്റെ തൊട്ടടുത്തുള്ള ബാത്ത് റൂമിലാണ് അച്ചുവിന്റെ കുളി .



ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ കലൂരിലെ ഇന്സ്ടിടുട്ടിലേക്ക് പോകാനുള്ള തയാറെടുപ്പായി.വൈകുന്നേരം അഞ്ചു മണി വരെയുള്ള വിരസമായ ക്ലാസിനു ശേഷം റൂമിലേക്ക്‌ തിരിക്കും .വരുന്ന വഴികളിലൂടെ നടന്നു പോകുന്ന പെണ്‍കുട്ടികളുടെ എണ്ണമെടുക്കാന്‍ ആരും മറക്കാറില്ല.എന്തിനാണ് ഇങ്ങനെ പെണ്‍കുട്ടികളുടെ മാത്രം എണ്ണമെടുക്കുന്നത് എന്ന് ഒരിക്കല്‍ ചോദിച്ചപ്പോള്‍, സെന്‍സസിന് വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പറഞ്ഞു കൊടുക്കാനെന്നായിരുന്നു ബീരാന്റെ മറുപടി.അങ്ങനെ കറങ്ങിത്തിരിഞ്ഞ്‌ റുമിലെത്തും.ദിന ചര്യകള്‍ അങ്ങനെ പോയിക്കൊണ്ടിരിക്കെയാണ് പെട്ടെന്നൊരു ദിവസം ബീരാന് ജിമ്മില്‍ പോകാനുള്ള കമ്പം കേറുന്നത്.പണം കൊടുത്ത് കഠിനാധ്വാനം ചെയ്യേണ്ടി വരുമെന്നതുകൊണ്ടും ശ്വാസം മുട്ടല്‍ ഇളകാന്‍ സാധ്യതയുള്ളതുകൊണ്ടും കീലേരി അച്ചുവിന്റെ സാനിധ്യം അങ്ങോട്ടുണ്ടായില്ല.

ബീരാന്‍ കരുകപ്പള്ളിയിലെ ജിമ്മില്‍ത്തന്നെ പോകാന്‍ കാരണമുണ്ട്.അവിടത്തെ ജിമ്മിലെ ആശാനാണ് അലവിക്ക.അലവി MBA എന്നൊരു ബോര്‍ഡ് ജിമ്മിലേക്ക് കേറുന്നിടത്ത് തന്നെ സ്ഥാപിച്ചിട്ടുണ്ട്.ജിംനേഷ്യത്തില്‍ MBA ബിരുദമെടുത്ത പരിശീലകനാണെന്നതായിരുന്നു അദ്ദേഹത്തെ അങ്ങോട്ട്‌ പോകാന്‍ പ്രേരിപ്പിച്ചത്.MBA എന്നത് മേലെ ഭാഗത്ത്‌ അലവിക്കുട്ടി എന്നതിന്റെ ചുരുക്കമായിരുന്നെന്നു ബീരാന് പിന്നീടാണ് മനസ്സിലായത്.തിരിച്ച് റൂമിലെത്തിയാല്‍ പിന്നെ കുളിയും പഠനവും കുറച്ചു നുണ പറച്ചിലും അത്താഴവുമൊക്കെ കഴിഞ്ഞു രാത്രി പന്ത്രണ്ടു മണിക്കു ശേഷമുള്ള കിടത്തം.കിടക്കുന്നതിനു മുമ്പ് ബീരാന്‍റെ നേതൃത്വത്തില്‍ രൂപം കൊള്ളുന്ന ചില തമാശകളാണ് അവിടെ ഹിറ്റാകുന്നത്.ഈയടുത്ത് അന്തരിച്ച ഹാസ്യ നടന്‍ മച്ചാന്‍ വര്‍ഗ്ഗീസിന്റെ നാടായതുകൊണ്ടാണോ എന്നറിയില്ല എല്ലാം ഫലിത ലിപ്തമായിരുന്നു.

അങ്ങനെ ഒരുദിവസം റൂമില്‍ ചെന്നപ്പോള്‍ കിലേരിഅച്ചുവിനെ കേന്ദ്രീകരിച്ച് ഒരു ഓപറേഷന്‍ പ്ലാന്‍ ചെയ്യുകയാണ്.ഉസ്താദ്‌ ലീക്ക് തന്നെ അധ്യക്ഷ സ്ഥാനത്ത്.ബീരാന്‍റെ പ്ലാനായത് കൊണ്ട് പരാജയപ്പെടില്ല എന്നാ ഉറപ്പില്‍ ഞാനും ഒപ്പംകൂടി.ആസൂത്രണം കഴിഞ്ഞു മുറിക്കു പുതിറങ്ങി.കിലേരി അച്ചുവിന്‍റെ റൂം ലക്ഷ്യമാക്കി നടന്നു.അച്ചു ഏകാന്തമായിരുന്നു പഠിക്കുന്ന റൂമിന്‍റെ സമീപമെത്തി.ജനലിലൂടെ അകത്തേക്ക് നോക്കിയപ്പോള്‍ ,ആ സാധു കമഴ്ന്നു കിടന്നു പുസ്തകം നോക്കി പഠിക്കുകയാണ്.ഇപ്പോള്‍ എന്തെങ്കിലും ശബ്ദമുണ്ടാക്കിയാല്‍ ആ പാവം പേടിച്ചു ഓടിപ്പോകും എന്ന് ഞാങ്ങള്‍ക്ക് ഉറപ്പായിരുന്നു.ആ ശ്രമത്തിനു തുടക്കമെന്നോണം ബീരാന്‍ ജനലില്‍ ആഞ്ഞടിച്ചു,എന്നിട്ട് പരുക്കനായ ശബ്ദത്തില്‍ ബീരാന്‍ ഉറക്കെ വിളിച്ചു "എടാ ബിജൂ...."(അച്ചുവിന്റെ യഥാര്‍ത്ഥ പേര്).ഉറക്കത്തിനിടക്ക് ശല്യപ്പെട്ടുണര്‍ന്ന പൂച്ചക്കുട്ടിയെ പോലെ അവന്‍ തലപൊക്കി തിരിഞ്ഞു നോക്കി.ആരെയും കാണാനില്ല.കാരണം ഞങ്ങള്‍ അപ്പോഴേക്കും ജനാലക്കടിയില്‍ മറഞ്ഞിരുന്നു.അച്ചു വീണ്ടും ഏകാന്ത പഠനത്തിലേക്ക്.ഞങ്ങള്‍ വീണ്ടും പഴയതുപോലെ ആവര്‍ത്തിച്ചു.ഇത്തവണ ജനലില്‍ അടിച്ചത് ഞാനായിരുന്നു.പരുക്കന്‍ ശബ്ദത്തില്‍ തന്നെ ഞാന്‍ ശബ്ദിച്ചു "എടാ ബിജൂ..."മൂന്നു നാലു തവണ ഇതുതന്നെ തുടര്‍ന്ന ശേഷം റൂമിലേക്ക്‌ നോക്കിയപ്പോള്‍ തല്‍സ്ഥാനത്ത് അദ്ദേഹത്തെ കാണാനില്ല.'ഒരു പേടിതൊണ്ടന്‍,വെറുതെ ഒന്ന് ശബ്ദമുണ്ടാക്കിയപ്പോഴേക്കും ഓടിപ്പോയിരിക്കുന്നു ',എന്ന് ഞങ്ങള്‍ പരസ്പരം പറഞ്ഞു.പെട്ടെന്നാണ് ആ ഘോര ശബ്ദം കേട്ട് ഞങ്ങള്‍ ഞെട്ടിയത്."തന്തക്കു പിരന്നവനാണെങ്കില്‍ വെളിച്ചത്തു വാടാ...."ആ രാത്രിയില്‍ വീടിന്റെ പുറത്തിറങ്ങി കീലേരി അച്ചുവിന്റെ ധീരപ്രകടനം.ഇരുട്ടിന്റെ മറവില്‍ ഞങ്ങളെ തിരിച്ചറിയാതിരുന്നത് കൊണ്ട് മാനം പോയില്ല.

ആയിടക്കാണ്‌ കീലേരി അച്ചുവിന്‍റെ മൊബൈല്‍ ഫോണ്‍ മോഷണം പോകുന്നത്.ദുര്‍ബല വിഭാഗത്തിന്‍റെ കാലയാപനം ഹിംസയുടെ കരങ്ങളാല്‍ ക്ഷതമേല്‍ക്കപ്പെടുന്ന ആധുനിക ഭാരതത്തിലെ അപമാനിക ശീലം ഞങ്ങളുടെ ഹോസ്റ്റെലിലും മാറ്റപ്പെട്ടില്ല.പൈതൃക ഇന്ത്യയുടെ മാനതിന്റെ വിലപറയുന്ന ആ കരാള ഹസ്തനെ കണ്ടെത്താന്‍ ഞങ്ങള്‍ക്കായില്ല.ആ വ്യക്തി ഇപ്പോള്‍ പാപത്തിന്‍റെ ഭാരം താങ്ങുന്നുണ്ടായിരിക്കണം.ഇപ്പോഴത്തെ പരിഷ്കാര ജീവിതത്തില്‍ ചെറിയ പണ നഷ്ടം കാര്യമാക്കാതിരുന്ന അച്ചുവിന്‍റെ കുടുംബം മറ്റൊരു മൊബൈല്‍ ഫോണ്‍ കൊടുത്ത് അദ്ദേഹത്തിന്‍റെ കരച്ചിലു നിര്‍ത്തി.


വിവരണാധീതനായ മറ്റൊരു കഥാപാത്രമുണ്ട്.ആള് ചില്ലറക്കാരനല്ലാതത്ത് കൊണ്ട് അവസാന നിമിഷം പ്രാധാന്യത്തോടെ വിവരിക്കാമെന്ന് കരുതി.നാടുമുഴുവന്‍ ഓടി നടന്നു കോട്ടയം കഞ്ഞിരപ്പള്ളിയുടെ അഭിമാനവും അന്തസ്സും കാത്തു സൂക്ഷിക്കുന്നയാള്‍.കുട്ടിക്കീലേരി എന്ന് ബീരാനും ഞങ്ങളും സ്നേഹത്തോടെ വിളിക്കുന്ന പ്രിയപ്പെട്ട എബിന്‍.പേരുകേട്ടാല്‍ കീലേരി അചുവിന്റെ സഹോദരനാണെന്ന് തോന്നുമെങ്കിലും അവര്‍ തമ്മില്‍ അങ്ങനെയുള്ള ബന്ധമൊന്നുമില്ല.വാക്കുകളില്‍ വിനയവും പ്രവൃത്തിയില്‍ പരിഷ്കാരവുമുള്ളയാള്‍.പരീക്ഷക്ക്‌ രണ്ടാഴ്ച മുന്‍പ് മാത്രം പുസ്തകം തുറന്നു നോക്കി അയാട്ടയെ നാണം കെടുത്തിയയാള്‍.ഇത്യാതി ഖ്യതിയെല്ലാം പിന്‍കാലത്ത് ലഭിച്ച അദ്ദേഹം വൈകിയാണ് ഞങ്ങളോടൊപ്പം ചേര്‍ന്നത്.രാജ്യത്തെ വികസന കാര്യങ്ങള്‍ അറിയുന്നതില്‍ തല്പരനായിരുന്ന അദ്ദേഹം പ്രജകളുടെ ക്ഷേമം മനസ്സിലാക്കാന്‍ ഊരു ചുറ്റുക പതിവായിരുന്നു. അങ്ങനെയിരിക്കെയാണ് എവിടെയോ ഊരു ചുറ്റാന്‍ പോയ അദ്ദേഹം തിരിച്ചു വരാനുള്ള വഴിയറിയാതെ എന്നെ വിളിക്കുന്നത്.ഹോസ്റ്റലില്‍ ബൈക്കുള്ള രണ്ടുപേരില്‍ ഒരാള്‍ ഞാനായിരുന്നു.എവിടെയാണ് നില്‍ക്കുന്നതെന്ന് അറിയില്ലെന്ന് പറഞ്ഞു.ആരോടെങ്കിലും സ്ഥലപ്പേരു ചോദിക്കാനാണെങ്കില്‍ അവിടെ ഒറ്റ കടയുമില്ലതാനും.കൂടുതല്‍ പ്രജകളെ അന്വേഷിച്ചിറങ്ങി അദ്ദേഹം ഏതോ ഒറ്റപ്പെട്ട സ്ഥലത്താണെന്ന് മനസ്സിലായി.നേരം രാത്രി ഒന്‍പത് കഴിഞ്ഞിരിക്കുന്നു.ഒരു സ്ഥലപ്പേരു പോലും കിട്ടാതെ ഈ രാത്രി കുട്ടിക്കീലേരിയെ തിരഞ്ഞ് ഞാനെവിടെപ്പോകും.കേരളത്തില്‍ ബൈ ഇലക്ഷന്‍ നടക്കുന്ന കാലമായിരുന്നു അന്ന്.കണ്ണൂര് നിന്ന് കെ സുധാകരനും,ആലപ്പുഴയില്‍ നിന്ന് കെ സി വേണുഗോപാലും എറണാംകുളത്ത് നിന്ന്‍ കെ വി തോമസും ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്കാണ് കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.നഗരം തെരഞ്ഞെടുപ്പ് ചൂടിലായതിനാല്‍ രാത്രിയില്‍ പുറത്തിറങ്ങാനും പേടി.പോകണോ വേണ്ടയോ എന്നാലോചിച്ചിരിക്കുന്ന സമയത്താണ് കുട്ടിക്കീലേരി വേണ്ടും വിളിക്കുന്നത്.ഇപ്പോള്‍ നില്‍ക്കുന്നത് കലാഭവന്‍ റോഡിലാണെന്നും ഇവിടെ റോഡിലിറങ്ങി തന്നെ നില്‍ക്കുന്നുണ്ടെന്നും പറഞ്ഞു.ഞാന്‍ വണ്ടിയെടുത്ത് പുറപ്പെട്ടു.ഉദ്ദേശം രണ്ടു കിലോമീറ്റെര്‍ ഉണ്ടാകും കലാഭവന്‍ റോഡിലേക്ക് ‌.അരക്കിലോമീറ്റര്‍ ദൈര്‍ഗ്യമുള്ള കലാഭവന്‍ റോഡ്‌ ഓടിത്തീര്‍ന്നിട്ടും ആളെ കാണാനില്ല.ക്ഷമയുടെ നെല്ലിപ്പടി തകര്‍ന്ന് ആകാശത്തേക്ക് നോക്കി നില്‍ക്കുന്ന നേരത്താണ് വീണ്ടും വിളിക്കുന്നത്.സംസാരം നീണ്ടുപോയിട്ടും അദ്ദേഹം എവിടെയാണ് നില്‍ക്കുന്നതെന്ന് മനസ്സിലായില്ല.അവസാനം അദ്ദേഹം പറഞ്ഞ അടയാളം കേട്ട എന്റെ സര്‍വ്വ പ്രതീക്ഷയും അസ്ഥാനത്താക്കി.താന്‍ നില്‍ക്കുന്നിടത്ത് ഒരു സിന്ധു ജോയിയുടെ പടമുണ്ടെന്നായിരുന്നു പെട്ടെന്ന് കണ്ടുപിടിക്കാന്‍ അദ്ദേഹം പറഞ്ഞു തന്ന അടയാളം.മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥിയാണ് സിന്ധു ജോയി.കോണ്‍ഗ്രസ്സുമായി കടുത്ത മത്സരം നടക്കുന്ന ആ മണ്ഡലത്തില്‍ സിന്ധു ജോയിയുടേതു മാത്രമായി ഏകദേശം രണ്ടര ലക്ഷം പോസ്റ്ററുകളാണ് സിപിഎം പ്രവര്‍ത്തകര്‍ ഒട്ടിച്ചിരുന്നതെന്ന കാര്യം ആ സാധു അറിഞ്ഞില്ല എന്ന് തോന്നുന്നു.കാര്യങ്ങള്‍ ഞാന്‍ ഹോസ്റ്റലില്‍ ചെന്ന് വിളമ്പി.ജയിലില്‍ പോകുമെന്ന് ഭയന്നിട്ടാകണം കേട്ട് നിന്നവര്‍ അദ്ധേഹത്തെ കൊല്ലാതെ വിട്ടതു തന്നെ.

കൃഷ്ണ പ്രസാദ്‌ എന്നത് 2009 ലെ സ്പീഡ് വിങ്ങ്സിലെ അയാട്ട വിദ്യാര്‍ഥികള്‍ കേട്ടു മറന്നൊരു പേരായിരിക്കും.സെപ്തംബറിലെ പരീക്ഷ എഴുതാന്‍ പോലും കാത്തു നില്‍ക്കാതെ ജോലി അന്വേഷിച്ചു പോയ അദ്ധേഹത്തെ പിന്നെ ഇത് വരെ കണ്ടിട്ടില്ല.വലിയ ചിന്തകനായിരുന്നു.അയാട്ട പഠിക്കുന്നവര്‍ ആദ്യം ഇന്‍ഷുറന്‍സ് എടുക്കണം എന്നാ ചിന്താശകലം അദ്ധേഹതിന്റെതാണ്.ടിക്കറ്റിങ്ങില്‍ നാലു കിലോ തൂക്കം വരുന്ന പാറ്റ്(PAT) എന്ന പുസ്തകം മനുഷ്യ ശരീരത്തില്‍ വീണു പരിക്കേല്‍ക്കും എന്ന സാധ്യതയാണ് ചിന്തയുടെ പൊരുള്‍.അമേരിക്കന്‍ സാമ്പത്തിക നയങ്ങളെ കടുത്ത വെറുപ്പോടെയാണ് അദ്ദേഹം കണ്ടിരുന്നത്.USD 2.5 എന്നതിനെ USD രണ്ടു രൂപ അമ്പതു പൈസ എന്ന് പറഞ്ഞു അമേരിക്കയെ ഒരു വട്ടമല്ല പലവട്ടമാണ് അവഹേളിച്ചത്.യു എന്‍ സ്ഥിരാംഗത്വത്തിനു വേണ്ടി ഇന്ത്യ കഠിന പ്രയത്നം നടത്തുന്ന കാലമായിരുന്നു അന്ന്.അമേരിക്കയുടെ പിന്തുണ നിര്‍ണായകവും.അന്ന് ഇന്ത്യ സ്ഥിരാംഗത്വം ലഭിക്കാതെ തള്ളപ്പെട്ടത്തിന്റെ കാരണം കൃഷ്ണപ്രസാദിന്റെ അന്നത്തെ അവഹേളനമായിരുന്നെന്നു ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു.

റൂമിലെ ബഹളങ്ങള്‍ക്കിടയില്‍ പലതും വേറിട്ടു തന്നെ കേള്‍ക്കാറുണ്ട്.ഒരിക്കല്‍ റൂമിന്റെ സമീപത്ത് നില്‍ക്കുമ്പോള്‍ അകത്തു നിന്നും ഇടതടവില്ലാതെ ഒരേ വാചകം തന്നെ കേള്‍ക്കുന്നു "ഞാന്‍ പണികൊടുക്കും..അവനു ഞാന്‍ നല്ല പണികൊടുക്കും...". അപ്പോള്‍ മറ്റൊരു ശബ്ദം. "അതങ്ങനെ വിട്ടാല്‍ ശരിയാവൂല ഭായി...വൃത്തിക്ക് തന്നെ പണികൊടുക്കണം".വീണ്ടും പഴയ ശബ്ദം "ഞാന്‍ പണികൊടുക്കും ..വൃത്തിക്ക് തന്നെ പണികൊടുക്കും".ആരാണെന്നറിയാന്‍ അകത്തു കയറി നോക്കിയപ്പോള്‍ സമാധാനമായി.കണ്ണൂരുകാരാണ് പേടിക്കാനൊന്നുമില്ല.മഹിക്കാരന്‍ റിയോണും ഇരിട്ടിക്കാരന്‍ ഹോജ നസുറുദ്ധീന്‍ മുല്ലയുമാണ് കര്‍ത്താക്കള്‍.ഏതോ ബസ്സിലെ കണ്ടക്ടര്‍ ലേഡീസ് സീറ്റില്‍ ഇരിക്കരുതെന്നു പറഞ്ഞതോ.. , സോഡാ കുടിച്ചപ്പോള്‍ കടക്കാരന്‍ കുപ്പി തിരികെ വക്കാന്‍ പറഞ്ഞതോ മറ്റോ ആണു കാരണം.കണ്ണൂരുകാര്‍ പങ്കാളികളായ റൂമുകളില്‍ ഇങ്ങനെയുള്ള മുതലാളിത്ത സ്വരങ്ങള്‍ നിങ്ങള്‍ കേള്‍ക്കാറുണ്ടാകും.അവരാ നാടിന്റെ പേരും പെരുമയും നിലനിര്‍ത്തുകയാണെന്ന് നമ്മളാരെങ്കിലുമുണ്ടോ അറിയുന്നു.

ഹോസ്റ്റെലില്‍ നടന്നു വന്നിരുന്ന മദ്യസഭകളായിരുന്നു അതിനകത്തെ സമാധാന അന്തരീക്ഷം ഇല്ലാതാക്കിക്കൊണ്ടിരുന്നത്.മദ്യത്തിന്റെ കാര്യത്തില്‍ ഒരു പെരുമാറ്റ ചട്ടമൊന്നും അവിടെ നിലവില്‍ ഇല്ലായിരുന്നു.മുസ്ലിം നാമധാരികളടക്കം ഉള്‍പെട്ടിരുന്ന മദ്യ സഭകള്‍.മദ്യത്തിന്റെ കാര്യത്തില്‍ കര്‍ക്കശ നിലപാടുകള്‍ ബാബുവേട്ടന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായില്ല.ആ അലംഭാവത്തിന് പിന്‍കാലത്ത് അദ്ദേഹം വലിയ വില നല്‍കേണ്ടി വന്നു.അയല്‍ബന്ധങ്ങളില്‍ വിള്ളലുണ്ടായി.മദ്യം ദോഷമല്ലാതെ ഒന്നും നേടിത്തരുന്നില്ലെന്ന വസ്തുത മനസ്സിലാക്കാന്‍ അന്നത്തെ സംഭവ വികാസങ്ങള്‍ തന്നെ ധാരാളമായിരുന്നു.വീടുകളിലെ കര്‍ക്കശ ശിക്ഷണത്തില്‍ നിന്നും പുറത്തു കടന്ന് നാടുവിട്ടു പഠിക്കാന്‍ വരുന്ന ചെറുപ്പക്കാര്‍ ഇതുപോലെയുള്ള താമസ സ്ഥലങ്ങളില്‍ എത്തപ്പെടുമ്പോള്‍ അവര്‍ക്ക് മദ്യപിക്കാന്‍ കിട്ടുന്ന സൌകര്യമെങ്കിലും ഇല്ലാതാക്കാന്‍ അധികാരികള്‍ക്ക് ശ്രമിക്കാമായിരുന്നു.മദ്യ സഭകളെ കണ്ടില്ലെന്നു നടിക്കല്‍ അവര്‍ക്ക് വേണ്ടി ചെയ്തുകൊടുക്കുന്ന ഏറ്റവും വലിയ സഹായമല്ലേ? അവിടെ പ്രവര്‍ത്തിച്ചിരുന്ന മദ്യനിരോധന സമിതി ,ആള്‍ബലം കുറവായിരുന്നെങ്കിലും വളരെ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചു.സ്നേഹത്തിന്റെ കണക്കു പറഞ്ഞു മദ്യപരെ അതില്‍ നിന്നും പിന്തിരിപ്പിക്കുമായിരുന്നു.ഏതു കാര്യത്തിലും ഒരു പരിപൂര്‍ണ്ണത അസാധ്യം എന്നിരിക്കെ,അതില്‍ ഭാഗികമായ വിജയം ലഭിച്ചു എന്നതു തന്നെ ശുഭപ്രതീക്ഷയായിരുന്നു. പിറന്നതിനു ശേഷം എന്റെ കഴുത്തിന്‌ ഏറ്റവുമധികം മര്‍ദ്ധം അനുഭവപ്പെട്ടത് മദ്യത്തിനെതിരെ നിലകൊണ്ടതിന്റെ പേരിലായിരുന്നു.
മുസ്ലിം സമുദായത്തിലെ ചില യുവാക്കള്‍ മദ്യത്തോട് അപകടകരമായ അടുപ്പം കാണിക്കുകയാണ്. ഇതിനെക്കുറിച്ച്‌ ജനാബ് അബ്ദുസ്സമദ് സമദാനി സാഹിബ്‌ പറഞ്ഞ ശക്തമായ വാക്കുകള്‍ അതേപടി ഞാനിവിടെ ചേര്‍ക്കുകയാണ് ."മദ്യം തെറ്റാണെന്നറിയാഞ്ഞിട്ടാണോ ഈ സമുദായത്തില്‍ പെട്ട ചില ആളുകള്‍ രാവും പകലും മദ്യത്തില്‍ ആറാടുന്നത് !!.അറിയാഞ്ഞിട്ടാണോ ? ആര്‍ക്കാണറിയാതത്ത് ? മദ്യം തിന്മയാണെന്നറിയാത്ത ആരാണ് ഈ ഭൂമിയില്‍ ജീവിച്ചിരിപ്പുള്ളത്..എന്നിട്ടും ചെയ്യുന്നു.എന്തുകൊണ്ട്? അകത്തൊരു ബോധം പ്രവേശിച്ചിട്ടില്ല.ആ ബോധം വന്നാല്‍ പിന്നെ തൊടില്ല.പ്രസംഗത്തിന്റെയോ കേള്‍വിയുടെയോ കമ്മി ഇന്നെവിടെയുമില്ല.ഉള്‍ക്കൊള്ളുന്ന വികാരത്തിനും ബോധത്തിനുമാണ് കമ്മി".



കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീണ്ടു കിടക്കുന്ന കേരളീയ സംസ്കൃതിയെ അടുത്തറിയാനും ആ കാലഘട്ടത്തില്‍ അവസരം ലഭിച്ചു.നാടുവിട്ടുപോയാല്‍ ഒരു നാടിനെ കുറിച്ച് വിലയിരുത്താന്‍ സഹായിക്കുന്നത് അവിടത്തെ പ്രധിനിധികളിലൂടെയാണ്.അഥിതേയരായ എറണാകുളത്തിന് ഏറ്റവും കൂടുതല്‍ പ്രതിനിധികളെ ലഭിച്ചത് മലപ്പുറത്ത്‌ നിന്നായിരുന്നു.ലീക്ക് ബീരാന്‍ എന്ന് ഈ ഓര്‍മ്മക്കുറിപ്പില്‍ അറിയപ്പെടുന്ന ഞങ്ങളുടെ ഷമീര്‍ സാഹിബിന്‍റെ നാട് കൂടിയാണ് മലപ്പുറം.മതം നോക്കാതെ ജാതി നോക്കാതെ വര്‍ഗ്ഗവും രാഷ്ട്രീയവും നോക്കാതെ മനുഷ്യനെ സ്നേഹിക്കണമെന്നു പഠിപ്പിച്ച അബ്ദുസ്സമദ് സമദാനിയുടെ നാട്.കൂടെയല്ല പിറക്കുന്ന നേരത്തും, കൂടെയല്ല മരിക്കുന്ന നേരത്തും, മധ്യേയിങ്ങനെ കാണുന്ന നേരത്ത്,മത്സരിക്കുന്നതെന്തിനോ നാം വൃഥാ എന്ന് പാടിയ പൂന്താനം മഹാകവിയുടെ നാട്.

ശസ്ത്രമെന്നിയേ ധര്‍മ്മ സംഗരം നടത്തുന്നോന്‍
പുസ്തകമന്യേ പുണ്യാധ്യാപനം നടത്തുന്നോന്‍
ഔഷധമന്യേ രോഗം ശമിപ്പവന്‍
ഹിംസ ദോഷമെന്നിയേ യജ്ഞം ചെയ്തവനെന്നാജാര്യന്‍, എന്നു പറഞ്ഞ് അഭിമാന ഇന്ത്യയുടെ രാഷ്ട്ര പിതാവിനെ വാഴ്ത്തിപ്പാടിയ കവി വള്ളത്തോള്‍ ജനിച്ച മലപ്പുറം.ആ മലപ്പുറത്താണ് ഒരു അര്‍ദ്ധ രാത്രി ദീര്‍ഘനേരം ഗതാഗത സ്തംഭനമുണ്ടയത്.കഷ്ടപ്പെടുന്നോര്‍ക്ക് പ്രതീക്ഷയും നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യാശയും രോഗികള്‍ക്കാശുപത്രിയും പ്രശ്ന പരിഹാരത്തിന് സുപീം കോടതിയുമായ പാണക്കാട് കോടപ്പനക്കള്‍ തറവാട്ടിലെ ന്യായാധിപനും കേരള മുസ്ലിംകളുടെ ആത്മീയ നേതാവുമായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗം അറിഞ്ഞെത്തിയവരുടെ ബാഹുല്യം കൊണ്ടായിരുന്നു ആറര കിലോമീറ്റെര്‍ ചുറ്റളവില്‍ അന്നാ നഗരം സ്തംഭിച്ചത്. .രാഷ്ട്രീയ പ്രവര്‍ത്തനം പാവപ്പെട്ടവര്‍ക്ക് വേണ്ടിയാകണമെന്നും സഹായം അഭ്യര്തിച്ചു വരുന്നവരുടെ ജാതിയോ മതമോ നോക്കരുതെന്നും ഈജിപ്തിലെ അല്‍-അസ്ഹര്‍ യുനിവേഴ്സിറ്റിയില്‍നിന്നും അറബി സാഹിത്യത്തില്‍ ബിരുധനന്തര ബിരുധമെടുത്ത ആ മനുഷ്യസ്നേഹിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.മലപ്പുറം ഇതു കൊണ്ടൊക്കെ സമ്പന്നമാണെന്ന് നിങ്ങളെ അറിയിക്കാനാണ് ഇത്രയും വിവരിച്ചത്.നമുക്ക് ഉദ്ദേശ ലക്ഷ്യത്തിലേക് തിരിച്ചു വരാം.

ഏറണാംകുളത്തെ കുറിച്ചുള്ള ഒരു ചിത്രം ഈ കുറിയ ലേഖനത്തില്‍ അസാധ്യമാണെങ്കിലും അല്പം വിവരിക്കാന്‍ താല്പര്യം. പുറമേ അഭംഗി കലര്‍ന്ന സൗന്ദര്യവും അകത്തളങ്ങളില്‍ അടിത്തറ കരുത്തില്ലാത്ത വ്യക്തി ബന്ധങ്ങളും അതിലേറെ ഇന്ത്യയിലെ വെസ്റ്റ് ബംഗാള്‍ ,ബീഹാര്‍ ,അസം തുടങ്ങിയ പിന്നോക്ക സംസ്ഥാനങ്ങളുടെ അന്നവും കൂടിയാണ് ഇന്ന് കൊച്ചി.പ്രയാസികളുടെ ഗള്‍ഫ്.കേരളത്തിലെ യുവ തലമുറയുടെ പ്രതീക്ഷക്കൊത്ത് വളരാന്‍ പക്ഷെ കൊച്ചിക്കായില്ല എന്നാ അഭിപ്രായമാണ് പരക്കെയുള്ളത്.ഇരുപതിനായിരത്തിലധികം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ലഭിക്കുമായിരുന്ന സ്മാര്‍ട്ട്‌ സിറ്റി പദ്ധതി അഞ്ചു വര്‍ഷം വൈകി ഈയടുത്തകാലത്താണ് തരക്കല്ലിടുന്നത്..ഒരു വ്യക്തിയുടെ ജീവിതത്തില്‍ അഞ്ചു വര്‍ഷം എന്നുള്ളത് എത്രവലുതാണ്എന്നിരിക്കെ ,രണ്ടു വര്‍ഷം മുന്‍പ്‌ സക്ഷാല്‍ക്കരിക്കേണ്ടിയിരുന്ന പദ്ധതി രാഷ്രീയ പകപോക്കലില്‍ ഇത്രയും വൈകിച്ചതിതിനു ഈ തലമുറയോട് ആര് സമാധാനം പറയും. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയെ ഒന്നാം സ്ഥാനതെത്തിക്കാന്‍ കഴിവും ആത്മാര്‍ത്ഥതയുമുള്ള ഒരു യുവതലമുറ ഇവിടെ വളര്‍ന്നു വരുന്നുണ്ട്.രാഷ്ട്രീയത്തിലെ ഇന്നത്തെ ഈ ആരോപണ പ്രത്യാരോപണങ്ങളില്‍ അവരുടെ മനസ്സ് മടുക്കാതിരിക്കട്ടെ.അതുകൊണ്ട്,കേരളത്തിലെ രാഷ്ട്രീയക്കാര്‍ പുല്ലൂട്ടിലെ പട്ടിയാകുന്ന പ്രവണത ഇനിയെങ്കിലും മാറ്റേണ്ടത് ഈ കാലഘട്ടത്തിന്‍റെ ആവശ്യം കൂടിയാണ്.എങ്കിലും കേരളത്തിലേക്ക് വരുന്ന വിദേശികളായ വിനോദ സഞ്ചാരികളെ തൃപ്തിപ്പെടുത്തുന്ന കാര്യത്തില്‍ ഈ അറബിക്കടലിന്റെ തീരം വലിയ പങ്കാണ് വഹിക്കുന്നത്.കൂടാതെ ഈയടുത്ത കാലത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനമാരംഭിച്ച വല്ലാര്‍പ്പാടം കണ്ടെയിനര്‍ ടെര്‍മിനലും കൊച്ചിയെയും കേരളത്തെയും തീര്‍ച്ചയായും ഉന്നതങ്ങളിലെത്തിക്കും.

2009 സെപ്റ്റംബര്‍ ആറിനായിരുന്നു അയാട്ട എക്സാമിനേഷന്‍.പഠനത്തിലെ പിന്നോക്കാവസ്ഥ പരീക്ഷ ഫലത്തെ ബാധിക്കില്ല എന്ന് മനസ്സിലായത് പരീക്ഷ ഹാളില്‍ എത്തിയപ്പോഴാണ്.എന്തൊരു പരസ്പര സഹകരണമായിരുന്നു അന്നുണ്ടായത്.ഇത്രയും പരസ്പര സഹകരണം മുന്‍പ് ഞാന്‍ കണ്ടിട്ടുള്ളത് കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിലും ബീവറേജ് കോര്‍പറേഷന്റെ മുന്നിലുമാണ്.ഈ ലോകത്തിനെ സമൂല നാശത്തിലേക്ക് കൊണ്ടെത്തിച്ചു കൊണ്ടിരിക്കുന്ന മദ്യമെന്ന ആ ഭീമ തിന്മ നുകരാന്‍ ഈ സമൂഹത്തിലെ ജീവിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നീണ്ട വരിയില്‍ പൊരിവെയിലത്ത്‌ ക്ഷമയോടെ കാത്തിരിക്കുന്നത് എത്രയോ നാം കാണാറുണ്ട്.മനുഷ്യോല്‍പത്തിക്ക് ശേഷം ഏതോ ഒരു തലമുറയില്‍ സംഭവിച്ച അബദ്ധജടിലം.സാനിദ്ധ്യമുണ്ടായിടത്തെല്ലാം നാശം വിതച്ച ആ തിന്മ പങ്കാളിത്തം വര്‍ധിച്ചു കൊണ്ട് തലമുറ തലമുറ കൈമാറി വരുകയാണെന്ന ആശങ്ക ഇവിടെ പങ്കുവക്കുന്നു.
ഏറണാംകുളം സെന്‍റ് ആല്‍ബെര്‍ട്സില്‍ വച്ചായിരുന്നു എക്സാം.പരീക്ഷക്ക്‌ വേണ്ടി ഞങ്ങളെക്കാള്‍ തയ്യാറെടുപ്പ് നടത്തിയത് ഞങ്ങളുടെ അധ്യാപകരായിരിക്കും.എല്ലാവരെയും സൂക്ഷ്മ നിരീക്ഷണത്തിന് വിധേയരാക്കിയത്തിനു ശേഷമായിരുന്നു അധ്യാപകരായ ഷാനി മേമും ഹൈഡ മേമും ഞങ്ങളെ പരീക്ഷ ഹാളിലേക്കയച്ചത്. കാരണം, ആ പരീക്ഷ പാസ്സാവുക എന്നത് ഞങ്ങളെ പോലെതന്നെ സ്പീഡ് വിംഗ്സിനും നിര്‍ബന്ധമുള്ള കാര്യമായിരുന്നു.പലര്‍ക്കും അത് ശിഷ്ട ജീവിതത്തിനു വേണ്ടിയുള്ള അതിജീവനം കൂടിയായിരുന്നു.കൂടാതെ ഓപ്പണ്‍ ബുക്ക്‌ എക്സാം എന്നാ സമ്പ്രദായത്തിന്റെ കൈപ് മനസ്സിലായതും അന്നാണ്.രണ്ടടിയോളം കനമുള്ള പുസ്തകങ്ങള്‍ മറിച്ചു നോക്കി ഉത്തരം കണ്ടെത്തുക എന്നത് ഒരിക്കലും എളുപ്പമായിരുന്നില്ല. എങ്കിലും ആ പരീക്ഷ ഹാളിലെ മുഴുവനാളുകളും വളരെ ആത്മാര്‍ത്ഥമായ സഹകരണത്തോടെ തന്നെ പരീക്ഷയെഴുതി എന്നത് എല്ലാവരിലും പ്രതീക്ഷയുണര്‍ത്തി.

പരീക്ഷ കഴിഞ്ഞിട്ടും പലരും മാനസികമായ സമ്മര്‍ധത്തിലായിരുന്നു.അതിനൊരു പ്രതിവിധിയെന്നോണം എല്ലായിടത്തും സംഭവിക്കാറൂള്ളത് പോലെ ഒരുദിവസത്തെ ടൂര്‍ പ്ലാന്‍ ചെയ്തു .ഊട്ടിയായിരുന്നു തിരഞ്ഞെടുത്തത്.കൂട്ടത്തിലുണ്ടായിരുന്ന ഒരു സഹപാഠിയുടെ വീട്ടിലെ സുമോ വാനില്‍ ഒന്‍പത് പേരടങ്ങുന്ന ഞങ്ങളുടെ സംഘം അര്‍ദ്ധരാത്രി തന്നെ പുറപ്പെട്ടു.പോകുന്നവഴി മട്ടാഞ്ചേരി ഭായിയെ കുന്ദംകുളത്തു വച്ച് വണ്ടിയില്‍ കയറ്റി.അങ്ങനെ വണ്ടിയില്‍ പത്തു പേരായി.ഗൂഡല്ലുരെതിയപ്പോള്‍ നേരം വെളുത്തു.അവിടെത്തന്നെയുള്ള ഒരു ചെറിയ ലോഡ്ജില്‍ വച്ച് എല്ലാവരും കുളിച്ചു വസ്ത്രം മാറി.ചെറിയ പ്രാതലും കഴിച്ചു.വണ്ടി നേരെ ഊട്ടിയിലേക്ക്.പല പോയിന്ടുകളിലും ഇറങ്ങി പ്രകൃതിയിലെ ഭംഗി ആസ്വദിച്ചു .ഉച്ചയായി ഊട്ടി പട്ടണത്തിലെത്തിയപ്പോള്‍.അന്നൊരു വെള്ളിയാഴ്ച ദിവസമായിരുന്നത് കൊണ്ട് ആ തിരക്കേറിയ പട്ടണത്തില്‍ ഞങ്ങള്‍ പള്ളി അന്വേഷിച്ചു നടന്നു.അല്പം അകലെ തന്നെ പള്ളി കണ്ടെത്തി.പള്ളിയില്‍ നിന്നും തമിഴിലുള്ള പ്രസംഗം ദൂരെനിന്നു തന്നെ കേള്‍ക്കാമായിരുന്നു. നമസ്കാരത്തിന് മുന്പ് അംഗശുദ്ധി വരുത്തേണ്ടതിനാല്‍ വെള്ളമിരിക്കുന്നിടത്തേക്ക് നീങ്ങി.മധ്യാഹ്നമായിരുന്നിട്ടും ശൈത്യം സഹിക്കാന്‍ പറ്റാവുന്നതായിരുന്നില്ല.എന്നാല്‍ ആ തണുപ്പില്‍ ഞങ്ങള്‍ക്ക് തണുത്ത വെള്ളം ഉപയോഗിക്കേണ്ടി വന്നില്ല.ടാപ്പ്‌ തുറന്നപ്പോള്‍ ഇളം ചൂടു വെള്ളമാണ് വരുന്നത്.ചൂടുവേള്ളതിലെ വുളു എടുക്കല്‍ (അംഗശുദ്ധി) ആദ്യ അനുഭവമായിരുന്നു.

നമസ്കാരം കഴിഞ്ഞു അടുത്ത് തന്നെയുള്ള ഹോട്ടെലിലേക്ക് നടന്നു.കഴിച്ചു കഴിഞ്ഞു അടുത്ത പോയിന്റു ലക്ഷ്യമാക്കി നടന്നു.അല്‍പമകലെ ആള്‍കൂട്ടം കണ്ടപ്പോള്‍ ടിക്കറ്റ് കൌണ്ടെര്‍ ആണെന്ന് മനസ്സിലായി.ബോട്ടിങ്ങാണ് ഐറ്റം.എല്ലാവര്‍ക്കും താല്പര്യമില്ലായിരുന്നത് കൊണ്ട് കുറച്ചു പേര്‍ ടിക്കറ്റെടുത്ത് അകത്തു കയറി.നാലു പേര്‍ക്കിരിക്കാവുന്ന ചവിട്ടു ബോട്ടാണ്.ഞാനും ലീക്ക് ബീരാനും അമല്‍രാജും റെഡിയായി.നാലമതൊരാളെ കിട്ടാന്‍ കാത്തുനിന്നപ്പോഴാണ്.പെരേര സന്നദ്ധനായി വരുന്നത്.കണ്ണൂരുകാരന്‍ മനോഷ് ആന്റണിക്ക്,ലീക്ക് ബീരാന്‍ തരപ്പെടുത്തിക്കൊടുത്ത വിളിപ്പേരാണ് ആല്‍ബെര്‍ട്ടോ പെരേരഎന്ന്.ജീവിത പ്രാരാബ്ദം കൊണ്ട് ജെര്‍മനിയിലേക്ക് കള്ളവണ്ടി കയറിയ പെരേര,നാട്ടില്‍ ജര്‍മ്മന്‍ ഷെപ്പേഡിന് ആവശ്യക്കാരേറിയാതോടെയാണ് കേരളത്തിലേക്ക് തിരിക്കുന്നത്.പക്ഷെ, ജെര്‍മ്മനിയില്‍ ലഭിക്കുന്നത് പോലെയുള്ള പരിഗണന നാട്ടില്‍ കിട്ടിയില്ല.തിരിച്ചു പോകാന്‍ വണ്ടിക്കാശില്ലാത്തതിനാല്‍ ഞങ്ങളോടൊപ്പം ചേര്‍ന്നു.കാഴ്ചയിലെ തലയെടുടുപ്പുകൊണ്ട് തന്നെ ബീരാന്‍ ഔദ്യോഗികമായി പ്രക്യാപിച്ച ആല്‍ബെര്‍ട്ടോ പെരേര എന്ന പേര് ഞങ്ങളും അംഗീകരിച്ചു പ്രമേയം പാസാക്കി.

തിരക്കായതിനാല്‍ ബോട്ടിങ്ങിനായി മുന്‍പേ പോയിരുന്നവര്‍ തിരിച്ചുവരാനായി കരയില്‍ കാത്തിരുന്നു. അല്‍പ സമയത്തിനകം തന്നെ വാഹിനിഎത്തി.നാലു പേര്‍ക്കിരിക്കാവുന്ന ബോട്ടില്‍ മുന്‍പിലിരിക്കേണ്ടവരാണ് പെഡല്‍ ഉപയോഗിച്ച് ബോട്ട് ചവിട്ടി തുഴയേണ്ടത്.ബോട്ട് വന്നതും ഞാനും ബീരാനും മുന്‍പില്‍ ചാടിക്കയറി.ഇരുപത് മിനുട്ടാണ്‌ ബോട്ടിങ്ങിന് അനുവദിച്ച സമയം.ഏകദേശം കായലിന്‍റെ മദ്ധ്യത്തിലെത്തിയപ്പോള്‍ അടുത്ത രണ്ടുപേര്‍ക്കായി വഴിമാറികൊടുക്കേണ്ട സമയമായി.പെട്ടെന്നാരോ എന്‍റെ കൈ പിടിക്കുന്നത്‌ പോലെ തോന്നി.തിരിഞ്ഞു നോക്കിയപ്പോള്‍ വിളറിയ മുഖവുമായി നില്‍ക്കുന്ന പെരേരയെയാണ് ഞാന്‍ കണ്ടത്‌.ആര്‍കും ഒന്നും മനസ്സിലായില്ല.'എന്തു പറ്റി പെരേര' എന്ന് സൗമ്യ സ്വരത്തില്‍ ഞാന്‍ ചോദിച്ചു.പതിഞ്ഞ ശബ്ദത്തില്‍ അദ്ദേഹം പറയുന്നത് ആര്‍ക്കും കേള്‍ക്കാന്‍ പറ്റുന്നില്ലായിരുന്നു.പിന്നെയും എന്തൊക്കെയോ അദ്ദേഹം പറയുന്നുണ്ടെങ്കിലും ശബ്ദം പുറത്ത് വരുന്നില്ലായിരുന്നു . ഞാന്‍ എന്‍റെ ചെവി അടുത്ത് പിടിച്ചു."എടാ ഈ ബോട്ട് മുങ്ങുമോടാ...ഇതില്‍ ലൈഫ് ജാക്കെറ്റ്‌ ഉണ്ടോടാ..ppprrr" .ഒന്നരവയസ്സായ കുഞ്ഞിനെ ബൈക്കില്‍ കയറ്റിയിരുത്തിയ പ്രതീതിയായിരുന്നു എനിക്കപ്പോള്‍ ഉണ്ടായത്..

അധികം വൈകാതെതന്നെ ഞങ്ങള്‍ അവിടെനിന്നും തിരിച്ചു.മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്ന പാതയിലൂടെയാണ് വണ്ടി പോകുന്നത് എന്ന് മനസ്സിലായി.റോഡിന്റെ ഇരു വശത്തും തേക്കിന്‍ കാടുകള്‍ കാണാമായിരുന്നു.പെരിന്തല്‍മണ്ണ പിന്നിട്ടപ്പോള്‍ മട്ടാഞ്ചേരി ഭായിയെ കാപ്പിലും,ലീക്ക് ബീരാനെ മേലാറ്റൂരിലും ഇറക്കി.മലപ്പുറത്തെ ഒരുവീട്ടില്‍ കയറി ഒന്നും കഴിക്കാതെ ഇറങ്ങല്‍ അസാധ്യം.അതുകൊണ്ട് തന്നെ ബീരാന്റെ വീട്ടില്‍ കയറി ചായ കുടിക്കേണ്ടി വന്നു.ഞങ്ങളുടെ നിര്‍ബന്ധം കൊണ്ട് ചായയില്‍ ഒതുക്കി എന്ന് പറയുന്നതായിരിക്കും ശരി.എല്ലാവരെയും പരിചയപ്പെട്ടു.ബീരാന്റെ ഉമ്മ ,സ്ഥലത്തെ ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ മരമായ ബീരാന്റെ വല്ല്യുപ്പ കുഞ്ഞുമൊയ്തു സാഹിബ്‌ , അങ്ങനെ പലരെയും.ബീരാനും മട്ടാഞ്ചേരി ഭായിയും ഇല്ലാത്ത ഞങ്ങളുടെ വാഹനം വീണ്ടും ഇരമ്പിയോടി.എന്റെ നാടായ കൂറ്റനാട് വഴി നേരെ എറണാംകുളത്തേക്ക്.

ദിവസങ്ങള്‍ കടന്നു പോകുകയാണ്.അതോടൊപ്പം ആധി കൂടിക്കൂടിയും വരുന്നു.ആര്‍ക്കും കൃത്യമായി അറിയില്ല എന്ന് റിസള്‍ട്ട് വരുമെന്ന്.ഏഴു മാസത്തെ പ്രയത്നത്തിന്റെ ഫലമാണ് പുറത്തു വരാന്‍ പോകുന്നത്.നവംബര്‍ അവസാനിക്കാറായി.ഞാന്‍ അപ്പോള്‍ കൊച്ചിയിലെ എംജി റോഡിലുള്ള ഹോട്ടല്‍ പാര്‍ക്ക്‌ റോയലിലെ താല്‍ക്കാലിക ജീവനക്കാരനാണ്.അന്നൊരു ദിവസം രാവിലെ ഹോട്ടലിന്റെ സ്റ്റാഫ്‌ കോര്‍ടെഴ്സില്‍ ആലോചന നിമാഗ്നനായിരിക്കുന്ന സമയത്താണ് ഹോജ നസുറുദ്ദീന്‍ മുല്ലയുടെ ഫോണ്‍ വരുന്നത്.റിസള്‍ട്ട് ഇന്നറിയുമെന്ന് പറഞ്ഞു.ബീരാനെ വിളിച്ചു.കാര്യം ശരി തന്നെ.സ്പീഡ് വിങ്ങ്സില്‍ നേരിട്ട് വിളിച്ചു റിസള്‍ട്ട് എന്താണെന്നു ചോദിക്കാനുള്ള ധൈര്യം ഇല്ലെന്നു ബീരാന്‍ ‍.പിന്നെ ആര് വിളിക്കും.എന്തോ ചെണ്ട കൊട്ടുന്ന ശബ്ദം കേള്‍ക്കുന്നു.പുറത്തേക്കു നോക്കി. അവിടം ശാന്തം.പിന്നെയെവിടെനിന്നാണ് വലിയ പ്രകമ്പനത്തോടെയുള്ള ഈ ചെണ്ടകൊട്ട്..പിന്നെ മനസ്സിലായി അത് എന്റെ നെഞ്ചിടിക്കുകയാണെന്ന് .ഹോജയെ വിളിക്കാന്‍ ഫോണെടുത്തപ്പോഴേക്കും ഹോജയതാ ഇങ്ങോട്ട് വിളിക്കുന്നു.ഫോണെടുത്തപ്പോള്‍ അവന്‍ പാസ്സായെന്നും അവിടെ വിളിക്കുന്നവരുടെ റിസള്‍ട്ട് മാത്രമേ അവര്‍ പറയുന്നൊള്ളൂ എന്നും അറിഞ്ഞു.എന്റെ റിസള്‍ട്ട് അറിയാന്‍ ഞാന്‍ തന്നെ വിളിക്കണമെന്ന് സാരം.ഇരു കയ്യും വല്ലാതെ തണുക്കുന്നു.ഫോണെടുത്ത് സ്പീഡ് വിങ്ങ്സിന്റെ നമ്പര്‍ ഡയല്‍ ചെയ്തു.അപ്പുറത്ത് ഫോണെടുത്ത് രേഷ്മ മിസ്സാണോ ജോത്സ്ന മിസ്സാണോ എന്നറിയില്ല.ഇപ്പോള്‍ അതറിയലല്ലല്ലോ ആവശ്യം.പേരും ഉദ്ദേശവും ബോധിപ്പിച്ചു.രജിസ്ടെഷന്‍ നമ്പര്‍ ആവശ്യപ്പെട്ടു.അറിയില്ലെന്ന് പറഞ്ഞപ്പോള്‍ 'അല്ലെങ്കില്‍ വേണ്ട' എന്ന് മറുവശം.അടുത്ത മറുപടിക്ക് വേണ്ടി കാതോര്‍ക്കുകയാണ്.എന്റെ പേര് ഉച്ചരിച്ചു കൊണ്ട് എന്നെ ഉറപ്പു വരുത്തി.ഫെയറില്‍ പസ്സായെന്നു പറഞ്ഞു.അപ്പോള്‍ ജോഗ്രഫിയിലോ?......ജോഗ്രഫിയിലും പസ്സായിട്ടുണ്ട്..... ഹോ...!!!!!!!!!എന്തായാലും ആ ശൈലി എനിക്കിഷ്ടപ്പെട്ടു.അവസാനം ഫലം പുറത്തുവന്നപ്പോള്‍ ഞങ്ങളുടെ ക്ലാസ്സിലെ മൂന്നുപേരുടെ ഭാഗികമായ പരാജയമൊഴിച്ചാല്‍ ബാക്കിയുള്ള എല്ലാവരും ഗംഭീര വിജയം തന്നെ നേടി.അല്‍ഹംദുലില്ലാഹ്.........

എല്ലാവരും ലോകത്തിന്റെ പലഭാഗങ്ങളിലായി ചിതറിക്കിടക്കുകയാണിപ്പോള്‍.ഒരു നേരില്‍ കാണല്‍ സാധ്യമാണെന്ന് തോന്നുന്നില്ല.നന്മ ഇല്ലാതായിക്കൊണ്ടിരിക്കുകയും തിന്മ വര്‍ധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഈ പ്രശ്നാധിഷ്ടിത ചുറ്റുപാടില്‍ ആര്‍ക്കൊക്കെ ജീവിതത്തോട് നീതി പുലര്‍ത്താന്‍ പറ്റുമെന്നറിയില്ല.മന:സാക്ഷിയില്ലാത്ത ആഹ്ലാദവും സ്വഭാവ വൈശിഷ്ട്യമില്ലാത്ത വിജ്ഞാനവും ധാര്‍മ്മിക തീണ്ടാത്ത വ്യാപാരവും തത്വദീക്ഷയില്ലാത്ത രാഷ്ട്രീയവും വര്‍ജ്ജിക്കണമെന്നു, പത്തൊന്‍പതാം നൂറ്റാണ്ടില്‍ നമ്മുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി പറഞ്ഞത് ഈ കാലഘട്ടത്തിനു വേണ്ടിയായിരിക്കണം.

**** ശുഭം *****


കുറിപ്പ് :ആരുടെയെങ്കിലും ഹൃദയത്തെ മുറിവേല്‍പ്പിക്കുന്ന യാതൊന്നും ഇതില്‍ ഉള്‍പെട്ടിട്ടില്ല എന്നാണ് എന്റെ വിശ്വാസം.ഏതെങ്കിലുമൊരു പ്രയോഗത്തിലൂടെ ആരുടെയെങ്കിലും വ്യക്തിത്വത്തെ കളങ്കപ്പെടുത്താനും ഉദ്ദേശിച്ചിട്ടില്ല.അങ്ങനെയെന്തെങ്കിലും ചിന്ത ആരുടെയെങ്കിലും ഹൃദയത്തില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അതെല്ലാം ആസ്ഥാനത്തു നിര്‍ത്തിക്കൊണ്ട് മാത്രമേ ഈ കുറിപ്പുമായുള്ള രംഗം വിടാവൂ.വേദനാജനകമായ എന്തെങ്കിലും അബദ്ധവശാല്‍ ഇതില്‍ ഉള്‍പെട്ടിട്ടുണ്ടെങ്കില്‍ മനുഷ്യ ബുദ്ധിയില്‍ സംഭവിച്ച അപാകതയായി മാത്രമേ ഇതിനെ കാണാവൂ എന്നും വിനയപുരസ്കരം അപേക്ഷിക്കുന്നു.

സ്നേഹത്തോടെ

@REJECT ALCOHOL™

Tuesday, February 3, 2009

India safe with UPA Govt

Hai dear Indian,

You do not accept BJP or CPM political party's policies.
They will be cheat you.You study the Indian history.
Your valued vote for UDF.Do not support terrorist organization.
That will crash our country